State Strategic Statistical Plan (SSSP)


    എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍റെ നവീകരണം മുന്നില്‍ കണ്ടുകൊണ്ട് പല പ്രോജക്ടുകളും നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് വകുപ്പിനെ സമൂലമായി അഴിച്ചുപണിഞ്ഞുകൊണ്ടുള്ള  SSSP. എന്താണ്  SSSP ? എന്താണിത്കൊണ്ട് ഉദ്ദേശിക്കുന്നത് ? ഏത് തലത്തില്‍ ഇത് ജീവനക്കാരന് ഗുണം ചെയ്യും ? ഇതിന്‍റെ ദോഷവശങ്ങള്‍ എന്ത് ? ഇതൊന്നും വകുപ്പിലെ സാധാരണ ജീവനക്കാരെ ആരും അറിയിച്ചിട്ടില്ല. ഇതൊരു പൊതു ചര്‍ച്ചയ്ക്കൊ അഭിപ്രായ രൂപീകരണത്തിനൊ എങ്ങും കാര്യമായ ശ്രമങ്ങള്‍ നടന്നിട്ടില്ല. അതിനാല്‍ ജീവനക്കാരുടെ ഇടയില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുന്നു. ഇത് നമുക്ക് പരസ്പരം പങ്കുവയ്ക്കാം.

SSSP ഒരു അന്തകന്‍ വിത്തോ...?
    സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പില്‍ കോടികള്‍ ചെലവാക്കാന്‍ പോകുന്നു എന്ന പ്രചരണം കുറെ നാളുകളായി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. സന്തോഷകരമായ കാര്യം. പക്ഷെ വകുപ്പിലെ താഴെ തട്ടിലുള്ള ജീവനക്കാരുടെ പ്രൊമോഷന്‍ സാധ്യതകള്‍ക്ക് തുരങ്കം വയ്ക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ SSSP യുടെ കരടില്‍ ഉണ്ടായിരുന്നു. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കി മാത്രമേ ഇത് നടപ്പാക്കൂ എന്ന് ബഹു. ഡയറക്ടര്‍ ഉറപ്പു നല്‍കിയിരുന്നു. പക്ഷെ ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കാതെ തന്നെ SSSP അംഗീകരിച്ചതായിട്ടാണ് അറിവ്. മന്ത്രി പറഞ്ഞപ്പോള്‍ ഒപ്പിട്ടു എന്നാണ് ഡയറക്ടറുടെ മറുപടി. Memorandum Of Understanding (MOU) ഒപ്പിട്ടതിന് ശേഷവും അത് രഹസ്യമാക്കി വച്ചിരിക്കുന്നത് എന്തിനാണ്?


കണ്‍സള്‍ട്ടന്‍റ് നിയമനം.
      SSSP യിലെ ഒരു പ്രധാന നിര്‍ദ്ദേശമാണ്  കണ്‍സള്‍ട്ടന്‍റ്മാരെ നിയമിക്കല്‍. ഒരു പ്രോജക്ടിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നവരാണ്  കണ്‍സള്‍ട്ടന്‍റ്മാര്‍. പക്ഷെ കരാര്‍ നിയമത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് വകുപ്പിന്‍റെ ദീര്‍ഘമായ നിലനില്‍പ്പിന്‍റെ ആവശ്യകത ഉണ്ടാകുമോ ? അല്ലെങ്കില്‍ത്തന്നെ നാളിതുവരെ ഇവര്‍ ഇല്ലതെയല്ലേ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്? എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായോ? വകുപ്പിലെ ഉന്നത തസ്തികകളില്‍ നിന്നും പെന്‍ഷന്‍ പറ്റിയവരെ പുനപ്രതിഷ്ടിക്കാനുള്ള ഒരു നടപടിയാണോ ഇത് ?

അധിക തസ്തികകള്‍
     കോടികള്‍ ലഭിക്കുകയും അത് ചെലവാക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുമ്പോള്‍ RO മുതല്‍ മുകളിലോട്ടുള്ളവര്‍ക്ക് മാത്രം പ്രൊമോഷന്‍ ലഭിക്കാനുള്ള വേദിയാക്കി ഇതിനെ മാറ്റി. താഴെത്തട്ടിലുള്ള പ്രവര്‍ത്തന ങ്ങളുടെ ചുവടു പിടിച്ചാണ് മുകളിലോട്ടുള്ളവര്‍ക്ക് ജോലിഭാരം വരുന്നത്. ലഭ്യമായ തുകയില്‍ കുറെ ഭാഗം താഴെത്തട്ടില്‍ തസ്തികകള്‍ സൃഷ്ട്ടിക്കാനും ഫീല്‍ഡ്‌ തല ജോലികള്‍ സുഗമമാക്കുകയുമല്ലേ വേണ്ടത്. ഫീല്‍ഡ്‌ തല ജോലികള്‍ ആണ് വകുപ്പിന്‍റെ നട്ടെല്ല് എന്ന കാര്യം മറക്കരുത്.

      ഇനി മുതല്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തിക ഇല്ലാതാക്കി പകരം ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തിക താലൂക്ക് തലങ്ങളില്‍ ഉണ്ടാക്കി ഇന്‍വസ്റ്റിഗേറ്റര്‍മാരായി കയറുന്നവര്‍ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ മാരായി റിട്ടയര്‍ ചെയ്യണം. ADO, DO തസ്തികകള്‍ ഇല്ലാതാക്കി RO, AD തസ്തികകള്‍ പകരം വയ്ക്കാന്‍ തീരുമാനിച്ചു. ഇതൊക്കെ ആര്‍ക്കുവേണ്ടിയാണ്?

         RA / SI തസ്തികകള്‍ ബ്ലോക്ക്‌ ഓഫീസ്, ഡയറക്ടറേറ്റുകള്‍, മറ്റു ഓഫീസുകള്‍ എന്നിവിടങ്ങളിലൊഴികെ ഫീല്‍ഡ്‌തല പ്രവര്‍ത്തനത്തിന് കുറച്ച് പേരെ മാത്രമേ കിട്ടുന്നുള്ളൂ എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വകുപ്പിന്‍റെ ഫീല്‍ഡ്‌തല പ്രവര്‍ത്തനത്തിന്‍റെ ഗുണമേന്മയെ ബാധിക്കുന്നു എന്ന് സൂചിപ്പിക്കുമ്പോഴും പ്രശ്നപരിഹാരത്തിന് ആവശ്യമായത്ര RA / SI മാരെ നിയമിക്കണം എന്ന് പറയുന്നില്ല. 3 ഡയറക്ടര്‍ തസ്തികകളും 14 JD തസ്തികകളും മറ്റ് അനുബന്ധ തസ്തികകളും സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ വിഷയം മറന്നുപോകുന്നത് എന്തുകൊണ്ട്...?

തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ പാല് കൂടുമോ...?
       SSSP യുടെ പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശം Director General തസ്തികയും രണ്ട് Director പോസ്റ്റുകളും അധികമായി സൃഷ്ടിക്കണമെന്നും അതിലേക്കുള്ള നിയമനം യഥാക്രമം ഇപ്പോഴത്തെ Director, Addl. Director ല്‍ നിന്നും ഉദ്യോഗ കയറ്റം വഴി നടത്തണമെന്നും ആണ്. ഇതിനു കാരണം പറഞ്ഞിരിക്കുന്നതാണ് രസകരം. ഇപ്പോഴത്തെ Director ക്ക് ഫോണ്‍ ബില്‍, കറണ്ട് ബില്‍ തുടങ്ങിയവ പാസ്സാക്കി സമയം പോകുന്നെന്നും അതിനാല്‍ ടെക്നിക്കല്‍ ജോലികള്‍ നോക്കാന്‍ പറ്റുന്നില്ലെന്നുമാണ്. ഇത്തരം ജോലികള്‍ താഴെയുള്ളവര്‍ക്ക് വീതിച്ചു കൊടുത്താല്‍ പോരെ? Director തസ്തികകള്‍ ഉണ്ടാക്കാന്‍ പറയുന്ന കാരണങ്ങളെ അമ്പമ്പോ...!!!

         ജില്ലകളില്‍ ഓഫീസ്‌ മേധാവി DD ആണ്. അത് JD ആക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. 14 JD  പോസ്റ്റുകള്‍ ഒറ്റയടിക്ക് ഇതിന്‍റെ മറവില്‍ ഉണ്ടാക്കുവാനുള്ള രഹസ്യ അജണ്ടയാണിത്. ഇതിന്‍റെ കാരണം പറയുന്നത് മറ്റ് വകുപ്പുകളിലെ ജില്ല മേധാവിമാര്‍ JD മാരാണ് എന്നാണ്. അതേസമയത്താണ് ഫീല്‍ഡ്തലത്തില്‍ 'ഒരു പഞ്ചായത്ത് ഒരു സോണ്‍' എന്ന തത്വം പാലിക്കാന്‍ കൂടുതല്‍ ഇന്‍വസ്റ്റിഗേറ്റര്‍മാര്‍മാരെ നിയമിക്കണമെന്ന ആവശ്യം നിരാകരിക്ക പ്പെടുന്നത്. അധിക തസ്തികയും അധിക ചെലവും സര്‍ക്കാര്‍ സമ്മതിക്കില്ലത്രേ... ഗ്രേഡ്‌ 1 & 2 ഇന്‍വസ്റ്റിഗേറ്റര്‍മാരുടെ എണ്ണത്തിന്  ആനുപാതികമായി RA / SI മാരെ നിയമിക്കാന്‍ കഴിഞ്ഞിട്ടില്ല. RA / SI മാര്‍ ഇല്ലാത്ത താലൂക്കുകള്‍ നമ്മുടെ വകുപ്പില്‍ ധാരാളം ഉണ്ട്. ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ലേ ആദ്യം വേണ്ടത്?

കോരന് കഞ്ഞി കുമ്പിളില്‍ത്തന്നെ.
          Prof. M.A ഉമ്മന്‍ കമ്മിറ്റി ഒരു പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ടത്രേ 1219 തസ്തിക വേണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിക്കാനെന്ന്. അതായതു ഒരു പഞ്ചായത്തില്‍ ഒരു ഇന്‍വസ്റ്റിഗേറ്റര്‍ വീതം. SSSP പോലുള്ള വലിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ഇത്തരം അധിക തസ്തികകള്‍ക്ക് വേണ്ട നിര്‍ദ്ദേശം സമര്‍പ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അനുവദിക്കുമോ ഇല്ലയോ എന്ന് ഈ Consultant മാര്‍ നോക്കേണ്ട കാര്യമുണ്ടോ? അതിന് പകരം അധിക തസ്തിക ചോദിക്കാന്‍ സാധ്യമല്ലെന്നും ഇതിനെപ്പറ്റി പഠിക്കാന്‍ ഒരു കമ്മറ്റിയെ വയ്ക്കാമെന്നും. അതിനു 30 ലക്ഷം രൂപ അനുവദിക്കാനും നിര്‍ദ്ദേശിച്ചിരിക്കുന്നു. (പുതിയ കമ്മറ്റിയില്‍ കയറിയിരുന്ന് ഈ Consultant മാര്‍ക്ക് 30 ലക്ഷം രൂപ തട്ടാനുള്ള വഴി ഇതിലൂടെ അവര്‍ ഒപ്പിച്ചിരിക്കുന്നു). ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം !!!

        മറ്റു വകുപ്പുകളില്‍ താഴേത്തട്ടില്‍ കയറുന്ന ഒരു ജീവനക്കാരന് അവന്‍റെ കഴിവിന്‍റെയും സര്‍വീസിന്‍റെയും അടിസ്ഥാനത്തില്‍ മുകള്‍ത്തട്ട് വരെ പോകാന്‍ കഴിയുന്നു. Village Assistant ആയ വ്യക്തി കാലക്രമേണ തഹസീല്‍ദാര്‍, ഡെപ്യുട്ടി കളക്ടര്‍ തുടങ്ങി Non-IAS ന്‍റെ അങ്ങേയറ്റം വരെ ചെല്ലുന്നു. മിക്ക വകുപ്പുകളിലും ഇതാണ് സ്ഥിതി. പക്ഷെ എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലോ? താഴെത്തട്ടില്‍ കയറുന്നവര്‍ 2 പ്രമോഷന്‍ കഴിഞ്ഞ് താലൂക്കില്‍ തന്നെ ഒതുങ്ങുന്നു. 'ഇടയ്ക്ക് കയറുന്നവര്‍' പരിചയവും സര്‍വീസും ഇല്ലാതെ തന്നെ മുകളിലേക്ക് കയറുന്നു. ഇത് വകുപ്പില്‍ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയല്ലേ ചെയ്യുന്നത്. നിയമനവും പ്രൊമോഷനും ഒരേ Stream ല്‍ മാത്രമാണെങ്കില്‍ ഈ പ്രശ്നം ഉണ്ടാകുമോ?

       തെറ്റുകള്‍, പോരായ്മകള്‍ മനസ്സിലാക്കി മിണ്ടാതിരിക്കുന്നതല്ലേ  നമ്മള്‍ ചെയ്യുന്ന തെറ്റ്...? ഇതിനെതിരെ പ്രതികരിക്കേണ്ടത് ഓരോ ജീവനക്കാരന്‍റെയും കര്‍ത്തവ്യമല്ലേ...? ശക്തിയായ പ്രതികരണമില്ലെങ്കില്‍ അറിയേണ്ടവര്‍ കാര്യങ്ങള്‍ അറിയാതെ പോകില്ലേ...? ചെയ്യേണ്ടവര്‍ കാര്യങ്ങള്‍ ചെയ്യാതെ പോകില്ലേ...? പാടില്ല... നാം പ്രതികരിച്ചേ മതിയാവൂ...

2 comments:

  1. തല്ലും കുത്തും ചെണ്ടക്ക് കാശും പണവും മാരാര്ക്ക്..
    മാറണം ഈ സ്ഥിതി, പക്ഷം നോക്കാതെ ഒന്നിച്ചു നിന്നില്ലെങ്കില് കക്ഷത്തിലുള്ളത് പോകും..

    ReplyDelete
  2. ഇതിന് വേണ്ടിയാണ് ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ടെക്നിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ കാലങ്ങളായി ശ്രമിച്ച്കൊണ്ടിരിക്കുന്നത്. ( ഇതിൽ ടെക്നിക്കൽ കാണാനില്ല . . എന്താണാവോ?) അപ്പോളെല്ലാം രാഷ്ട്രീയം നോക്കീയിരുന്നതിനാൽ ഈ അവസ്ഥയിലെത്തീ. ഇനി ദുഖിക്കുക മാത്രം വഴി. കൂടാതെ കഴുതകളെപ്പോലെ രാഷ്ട്രീയം കളിച്ച് ഇരിക്കാം നാണമില്ല്ത്തരവരേ,,,,,,

    ReplyDelete

Previous Page Next Page Home